വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി വിഴിഞ്ഞത്ത് ഡ്രോൺ സ്റ്റേഷനും ആധുനിക ഡ്രോണും വരും. സ്റ്റേഷനുകൾക്ക് നൽകാനുള്ള ഡ്രോണുകളുടെ പറക്കൽ പരീക്ഷണവും വിജയം.
കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ വേഗത്തിൽ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനായാണ് സംസ്ഥാനത്തെ ആദ്യ ഡ്രോൺ സ്റ്റേഷൻ വിഴിഞ്ഞത്ത് സ്ഥാപിക്കുന്നത്. വിഴിഞ്ഞം കടലിൽ കഴിഞ്ഞ ഓഗസ്റ്റ് 18-ന് ഡ്രോണുകളുടെ ട്രയൽ റൺ നടത്തിയിരുന്നു. കൂടാതെ വിഴിഞ്ഞം ഉൾപ്പെടെ കേരളത്തിലെ 18 തീരദേശ സ്റ്റേഷനുകൾക്കു നൽകാൻ ലക്ഷ്യംവച്ചുള്ള പരീക്ഷണ ഡ്രോൺ പറത്തൽ കഴിഞ്ഞ ദിവസം വിഴിഞ്ഞം അടിമലത്തുറയിൽ പൊലിസിന്റെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ നടന്നു.
എഐ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള 25 അത്യാധുനിക ഡ്രോണുകളെ തീരത്ത് അണിനിരത്തിയായിരുന്നു പരിശീലനം. ഓഗസ്റ്റിൽ നടത്തിയ പദ്ധതി വിജയകരമായതിനെത്തുടർന്ന് തീരദേശവികസന കോർപറേഷൻ അധികൃതരോട് ഡ്രോൺ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് തയാറാക്കാൻ ഫി ഷറീസ് വകുപ്പ് ആവശ്യപ്പെട്ടതായും അറിയുന്നു.
വിഴിഞ്ഞത്തെ സ്റ്റേഷൻ പ്രവർത്തനം വിജയകരമായാൽ കൊച്ചി, കോഴിക്കോട് ജില്ലകളിൽ കൂടി സമാനമായ സ്റ്റേഷനുകൾ ആരംഭിക്കും.
കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷമായുണ്ടാകുന്ന തിരയേറ്റത്തിൽ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. പൈലറ്റ് പ്രോജക്ടായാണ് വിഴിഞ്ഞത്ത് ഡ്രോൺ സ്റ്റേഷൻ തുടങ്ങുന്നത്. ഉപയോഗിക്കുന്നതു രണ്ടുതരത്തിലുള്ള ഡ്രോണുകളായിരിക്കും.130 കിലോവരെ ഭാരമുള്ള വസ് തുക്കളെയോ മനുഷ്യരെയോ യന്ത്രക്കൈ ഉപയോഗിച്ച് ഉയർത്താനുള്ള ശേഷിയും ഡ്രോണുകൾക്ക് ഉണ്ടാവും.
അപകടത്തിൽപ്പെടുന്നവർക്ക് വെള്ളത്തിനു മുകളിൽ പൊങ്ങി ക്കിടക്കുന്നതിനുള്ള ലൈഫ് ബോയ, ജാക്കറ്റ്, മരുന്ന്, കുടിവെള്ളം എന്നിങ്ങനെയുള്ളവ ഇട്ടു കൊടുക്കാനാകും. ഡ്രോണുകളുടെ തെരച്ചിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും ജീവനുകൾരക്ഷിക്കാനും ഉപകരിക്കും.